കൂട്ടുകാരോട് വീമ്പടിച്ചു ഒരു പാട് പ്രതീക്ഷകളോടെയാണ് അയാള്‍ പോയത്. നഖക്ഷതങ്ങളിലെ നായികയാണ് ഭാര്യ സങ്കല്പം. കണ്ടപ്പോള്‍ കഥാനായിക നാണം പൂണ്ടു, നിലത്തു നോക്കി കാലു കൊണ്ട് കളം വരച്ചില്ല. മുഖത്തേക്ക് തന്നെയാണ് നോട്ടം. ചായം തേച്ച കൃതിമമായ ഒരു ചിരി അയാളെ വരവേറ്റു. ഞെട്ടലോടെ അയാള്‍ കണ്ടു, മുടി കഴുത്തിന് താഴെ മുറിച്ചു ഒരു റബ്ബര്‍ കൊണ്ട് കെട്ടി വെച്ചിരിക്കുന്നു. മുന്നില്‍ വന്ന ശീതള പാനീയം ചുണ്ടോടടുപ്പിക്കുമ്പോള്‍ കണ്ണുകളുയര്‍ത്തി അവളെ നോക്കി. "ഇതെന്താ നാടന്‍ വേഷമോ അതോ പ്രച്ഛന്ന വേഷമോ" എന്ന് ആദ്യത്തെ തമാശ പൊട്ടിക്കാന്‍ അയാള്‍ തുനിഞ്ഞില്ല. സോപ്പ് കുമിള എന്ന ചെറുകഥയിലെ നായികയെ ഓര്‍ത്തു പോയി. ഫലം വിപരീതമായാലോ?
വീണ്ടും പ്രണയ നിര്‍ഭരമായ നിമിഷങ്ങള്‍ തളം കെട്ടിക്കിടന്നു.
പുസ്തകങ്ങള്‍ വായിക്കാറുണ്ടോ എന്ന നിര്‍ദോഷിയായ ഒരു ചോദ്യം എറിയാനാഞ്ഞു. അതിനു മുന്‍പേ വന്നു നെഞ്ച് ലക്ഷ്യമാക്കി നായികയുടെ മുത്തുമൊഴികള്‍.
"സാലറി എത്രയാ ?"
വളരെ വിചിത്രമായ ചോദ്യം!. അല്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ വളരെ പുരോഗമന ആശയക്കാരാണ്. സാമ്പത്തിക ഭദ്രതയാണല്ലോ കുടുമ്പത്തിന്റെ അടിത്തറ. തീര്‍ച്ചയായും ചോദിചിരിക്കേണ്ട ഒന്ന്.
ആകാംക്ഷ കൊണ്ട് ഇത്രയേറെ തിളങ്ങുന്ന ഒരു കണ്ണ് ഇതിനു മുന്‍പ് കണ്ടിട്ടില്ല. അയാളോര്‍ത്തു. നിര്‍വികാരനായി ഒരു തുക പറഞ്ഞു. സത്യസന്ധത ആവശ്യത്തിനു കാണിക്കാനും മറന്നില്ല. മറ്റൊരു ചോദ്യം കണ്ടെത്താന്‍ ശ്രമിക്കവേ നായികയുടെ മൊബൈല്‍ ഫോണ്‍ ഇത് വരെ കേട്ടിട്ടില്ലാത്ത ഏതോ ഭാഷയില്‍ ചിലച്ചു. excuse me-യുടെ കൂടെ ഒരു പുഞ്ചിരി കൂടെ കൊടുത്തു കൊണ്ട് അവള് ഫോണ്‍ കയ്യിലെടുത്തു പതിഞ്ഞ ശബ്ധത്തില്‍ പിറുപിറുക്കാന്‍ തുടങ്ങി. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള സംസാരം. അവസാനം "ഓക്കേ ഡാ" എന്ന് കേട്ടത് കൊണ്ട് അദ്ദേഹത്തിന് സ്വാഭാവികമായ ഒരു സംശയം. ഒട്ടും താല്പര്യമില്ലാത്ത ഭാവത്തില്‍ ചോദിച്ചു "ആരാ ഫോണില്‍?"
"ഫ്രണ്ട്"
ഫ്രണ്ട് ആണാണോ പെണ്ണാണോ എന്ന അനാവശ്യമായ ഒരു ചോദ്യത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയില്ല. എന്നാലും ഇവള്‍ക്ക് പറയാമായിരുന്നു. ഒരു പേര്. ആശ്വാസത്തിന്. ഒട്ടു നീരസം തോന്നി അയാള്‍ക്ക്.
"നമുക്ക് ഇഷ്ടങ്ങളൊക്കെ പരസ്പരം അറിയാം. കുട്ടിക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് പറയു.." ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചതില്‍ ചാരിതാര്‍ത്ഥ്യം. നായിക ഊര്‍ജസ്വലയായി കാണപ്പെട്ടു. കണ്കോണില് നാണവും ചുണ്ടില്‍ പുഞ്ചിരിയും അയാള്‍ ആദ്യമായി ആ മുഖത്ത് കണ്ടു.
ഒരു ദാമ്പത്യ വിജയത്തിന്റെ പ്രാഥമിക ഘടകമാണ് കുടുംബനാഥയുടെ പാചക നൈപുണ്യം. അമ്മ വായില്‍ വെച്ച് തന്ന ചോറുരുളകളുടെ സ്വാദ് ആണ്ടുകള്‍ താണ്ടി അയാളുടെ നാവില്‍ എത്തി. വാഴക്ക തോരനും നത്തോലി പൊള്ളിച്ചതും കാത്തു അയാളിരുന്നു. വൈകിയില്ല. കഥാനായിക വാചാലയായി.
"പിസ്സ.. especially മെക്സിക്കന്‍ പിസ്സ. ഐ ലൈക് ഇറ്റ് സോ മച് വിത്ത് പെപ്പെര്‍ സോസ്".
നെഞ്ചില്‍ ഇടി വെട്ടി. വായിലേക്ക് കൊണ്ട് വന്ന ചോറുരുള നിലത്തു വീണു ചിതറിപ്പോയി. അവള് പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ ശ്രദ്ധിച്ചില്ല. അയാളുടെ മനസ്സില്‍ നഖക്ഷതങ്ങളിലെ നായികയുടെ കീറിയ ചിത്രമായിരുന്നു. ഈ കൂടിക്കാഴ്ചക്കിടയായ നിമിഷങ്ങളെ അയാള്‍ ശപിച്ചു കൊണ്ടേയിരുന്നു. എന്തിനു മറ്റുള്ളവരെ പഴിക്കുന്നു?, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മുട്ട് വരെ നീളമുള്ള മുടിയും കരിമഷിയിട്ട കണ്ണുകളും ദാവണിയും പ്രതീക്ഷിച്ചാല്‍ ഇത് തന്നെ സംഭവിക്കും.
രംഗത്തിനു തിരശ്ശീല വീണു. ബില്‍ വന്നു. പോക്കറ്റില്‍ കയ്യിടുന്നതിനു മുന്‍പേതന്നെ നായിക ബാഗില്‍ നിന്നും ഒരു കൂട്ടം ക്രെഡിറ്റ് കാര്‍ഡുകളില്‍ ഒന്നെടുത്തു പ്ലേറ്റില്‍ വെച്ചു. ഒരു പുഞ്ചിരിയടക്കം പ്ലേറ്റ് വെയിറ്റര്‍ക്ക് കൈ മാറി. അധികമൊന്നും സംസാരിക്കാനില്ലാത്തത് കൊണ്ട് പതുക്കെ എണീറ്റു. ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ഒന്നേ ചിന്തിച്ചുള്ളൂ. മാറണം, കോലം. കാലത്തിനൊത്ത്. അല്ല, മട്ടുള്ളവര്ക്കൊത്ത്
Friday, 29 July 2011
Subscribe to:
Posts (Atom)
